കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ കാമുകനായിരുന്ന ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതക്കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ധാക്കിയത്. എറണാകുളം മീമ്പാറ കൊന്നംപറമ്പില്‍ രഞ്ജിത്തിന്റെ വധശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
രഞ്ജിത്ത്, രണ്ടാം പ്രതിയും കുട്ടിയുടെ അമ്മയുമായ തിരുവാണിയൂര്‍ ആലുങ്കല്‍ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കുരീക്കാട്ടില്‍ ബേസില്‍ കെ. ബാബു എന്നിവര്‍ക്കെതിരേ നരഹത്യാക്കുറ്റമേ നിലനില്‍ക്കൂ എന്നും കോടതി വിലയിരുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഗൂഢാലോചനയടക്കമുള്ള കുറ്റത്തിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലും ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവയ്ക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ റഫറല്‍ ഹര്‍ജിയുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
2013 ഒക്ടോബര്‍ 29-ന് അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ബാലികയെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിവാഹിതയായ യുവതി ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്നു. ആ ബന്ധത്തിലുള്ളതായിരുന്നു കുട്ടി.
യുവതിയും കാമുകനും സുഹൃത്തും കുട്ടിയുമൊന്നിച്ച് ചോറ്റാനിക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും എന്നതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മറവു ചെയ്തു. അതിനു ശേഷം കുട്ടിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് മനസ്സിലായത്.
എന്നാല്‍ ഇതൊന്നും തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയ കോടതി പ്രതികള്‍ക്കെതിരേ നരഹത്യാക്കുറ്റമേ നിലനില്‍ക്കൂ എന്ന നിഗമനത്തിലെത്തി. പ്രതിയായ യുവതി സ്ത്രീത്വത്തിന് അപമാനമാണെന്നും അമ്മ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നുമുള്ള വിചാരണക്കോടതിയുടെ നിരീക്ഷണം അനാവശ്യമായിരുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.