കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവസരോചിതമായി ബസ് ആശുപത്രിയിലെത്തിച്ച കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാർ. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് തൊട്ടിൽപ്പാലത്തേയ്ക്ക് പോയ ബസിൽ വെച്ചായിരുന്നു യാത്രക്കാരിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
ഉടനെ ബസ് തൃശൂർ അമല ആശുപത്രിയിലേക്ക് തിരിച്ചു. ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസിൽ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.തൃശൂർ തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസിൽ പെൺകുട്ടിക്ക് ജന്മം നൽകിയത്.
അവസരോചിതമായ ഇടപെടലിന് കെഎസ്ആർടിസി തൊട്ടിൽപ്പാലം യൂണിറ്റിലെ ഡ്രൈവർ എവി ഷിജിത്ത്, കണ്ടക്ടർ ടിപി അജയൻ എന്നിവരെയാണ് ഗതാഗത മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്. അഭിനന്ദനാർഹവും മാതൃകാപരവുമായ സേവനം അനുഷ്ഠിച്ച ഇരുവർക്കും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവന പുരസ്‌കാരവും നൽകുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആർടിസി ബസിൽ ജനിച്ച കുഞ്ഞിനും മന്ത്രിയുടെ സ്‌നേഹ സമ്മാനവും കൈമാറി. കെഎസ്ആർടിസി അധികൃതരാണ് ആശുപത്രിയിലെത്തി സമ്മാനം കൈമാറിയത്. കുഞ്ഞിനും അമ്മയ്ക്കും തുടർ ചികിത്സ സൗജന്യമായിരിക്കുമെന്ന് അമല ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.