തിരുവനന്തപുരം: ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് വിധിയിൽ ഉണ്ട്.
2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ വീടിനോടു ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധു ആയ പ്രതിയെ വളർത്തിയതും പൂജാദി കർമ്മങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പൻ ആണ്. അങ്ങനെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് പ്രതിയെ താമസിപ്പിക്കുകയായിരുന്നു. അങ്ങനെ ഇരിക്കെ സംഭവ ദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി.
സംഭവ ദിവസം കൂടാതെ പീഡനത്തിന് പലതവണ ഇരയായി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളും 24 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.