അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരേ നടപടിക്ക് ശുപാര്‍ശചെയ്ത് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന് . ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരേ നടപടി ശുപാര്‍ശചെയ്തും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വിഷയത്തിൽ പ്രശാന്തിനെതിരേ എന്തുനടപടി വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ചട്ടവിരുദ്ധമായി പരസ്യവിമര്‍ശനം നടത്തിയതിനാല്‍ ഇനി വിശദീകരണം ചോദിക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. പ്രശാന്തിനെ ശാസിക്കാന്‍ സാധ്യതയുണ്ട്. നടപടിയുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടും ഞായറാഴ്ചയും ജയതിലകിനെതിരേ പ്രശാന്ത് അധിക്ഷേപം തുടര്‍ന്നു. ഇതുകൂടി ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി സ്വമേധയായാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി അവഹേളിക്കുന്നതില്‍നിന്ന് പിന്മാറാന്‍ സഹപ്രവര്‍ത്തകരും പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് പേടിയില്ലെന്നു പറഞ്ഞാണ് അധിക്ഷേപം ആവര്‍ത്തിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കരുതെന്നാണ് ചട്ടമെന്നും ജയതിലകിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ചട്ടത്തിലില്ലെന്നുമുള്ള വിചിത്രവാദമാണ് പ്രശാന്ത് ഉന്നയിക്കുന്നത്.
കെ. ഗോപാലകൃഷ്ണന്റെ വിഷയത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം തിങ്കളാഴ്ചതന്നെ ഗോപാലകൃഷ്ണനെതിരേ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണിത്.