കോഴിക്കോട്: പി.വി. അൻവർ ശത്രുക്കളുടെ കൈയിൽ കളിക്കുകയാണെന്ന് സംശയിക്കുന്നതായി എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ. അൻവറിന്റെ ചെയ്തികൾ തെറ്റാണ്. ജനങ്ങളിൽനിന്ന് നേടിയ അംഗീകരമാണ് മുഖ്യമന്ത്രിക്കുള്ളത്. ജനങ്ങൾ നൽകിയ സൂര്യതേജസാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമിച്ചതല്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുംമുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാർട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അദ്ദേഹം സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമാണ്. മുഖ്യമന്ത്രി ചതിച്ചു എന്ന് അൻവർ പറയുന്നത് അടിസ്ഥാനരഹിതമാണ്.
മുഖ്യമന്ത്രിയുടെ ശോഭ ഈ വർത്തമാനംകൊണ്ട് കെട്ടുപോകില്ല. അൻവർ ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. സി.പി.എം അംഗമാണെങ്കിൽ അൻവറിനെ സസ്‌പെൻഡ് ചെയ്യാം. പക്ഷേ, അൻവർ സ്വതന്ത്ര എം.എൽ.എ.യാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.