തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കമായി. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് സഭയിൽ ചരമോപചാരം അർപ്പിച്ചുക്കൊണ്ടാണ് സഭാ സമ്മേളനത്തിന് തുടക്കമായത്. വയനാട്ടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 1200 കോടിയുടെ നഷ്ടമുണ്ടായി. പുനരധിവാസത്തിന് സർക്കാർ നടത്തുന്നത് അശ്രാന്ത പരിശ്രമമാണ്. ശാസ്ത്രലോകത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം ഇനി അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകമെങ്ങും വയനാടിനൊപ്പം നിന്നുവെന്ന് സ്പീക്കർ അറിയിച്ചു. വയനാടിന് കേന്ദ്ര സഹായം ഇതുവരെ കിട്ടാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. പുനരധിവാസത്തിന് എല്ലാ പിന്തുണയും നൽകും. സമയബന്ധിത പുനരധിവാസ പ്രവർത്തനം വേണം. പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും അതിജീവിക്കാനും ശാസ്ത്രീയ സംവിധാനം വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.