വിമാനകമ്പനിയുടെ ഹബ്ബാകാന്‍ സിയാല്‍ സജ്ജമെന്ന് മുഖ്യമന്ത്രി;  0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു

ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയില്‍ 795 ഉം സര്‍വീസുകള്‍ ഇവിടെ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്. 

author-image
anumol ps
New Update
cial...

കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. എംഎ യൂസഫലി, മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എംപി എന്നിവര്‍ സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ചെറുനഗരങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയര്‍ലൈനുകള്‍ക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സിയാല്‍ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതാണെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിമാനത്താവളത്തിലൂടെ ഇപ്പോള്‍ പ്രതിവര്‍ഷം  ഒരു കോടിയിലേറെ പേര്‍ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയില്‍ 795 ഉം സര്‍വീസുകള്‍ ഇവിടെ നിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്. 

'സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ സിയാലില്‍ ആസൂത്രണം ചെയ്തു വരികയാണ്. 550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് അവയില്‍ പ്രധാനം. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ അത് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 160 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സോണ്‍ വികസനത്തിനും സിയാല്‍ തുടക്കമിട്ടു കഴിഞ്ഞു', എന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സിയാലില്‍  അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഉദ്ഘാടന ചടങ്ങാണിതെന്ന് മുഖ്യമന്ത്രി  ഓര്‍മിച്ചു.  'അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നൂര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവയ്ക്ക് പുറമെ 7 മെഗാ പദ്ധതികള്‍ക്ക് കൂടി ഇക്കാലയളവില്‍ തുടക്കമിട്ടു. അവയില്‍ മൂന്നെണ്ണം ഇതിനോടകം കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പത്തു മാസത്തിനുള്ളില്‍ നാല് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാല്‍ ജീവനക്കാരുടെ വകയായി ഒരു കോടി  രൂപയും കാര്‍ഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങില്‍ വച്ച് മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സിയാല്‍ നേരത്തെ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. 

വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സബ് കമ്മിറ്റി ചെയര്‍മാനുമായ  പി.രാജീവ് അധ്യക്ഷനായ ചടങ്ങില്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ്, സിയാല്‍ ഡയറക്ടര്‍ എം. എ. യൂസഫലി, റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രിയും സിയാല്‍ ഡയറക്ടറുമായ അഡ്വ. കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

kochi airport 0484 aero lounge