തൃശ്ശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ൽ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ പരിഗണിക്കുന്നത്.
രമ്യാ ഹരിദാസിന് പുറമേ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.വി ദാസൻ്റെ പേരും പരിഗണനയിലുണ്ട്. പരിചയസമ്പന്നനായ നേതാവ് ചേലക്കരയിൽ ഇറങ്ങണമെന്ന ആവശ്യമാണ് കെ വി ദാസന്റെ പേരിന് പിന്നിൽ. അതേസമയം കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.
പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ സി.പി.ഐ.എം പരിഗണിക്കുന്നുണ്ട്. ഡി.വൈ.എ.ഫ് നേതാവ് സഫ്ദർ ഷെരീഫും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം.
ചേലക്കരയിൽ ടി എൻ സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്.