അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ചന്ദിപുര വൈറസ് മൂലം മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ആകെ 15 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയിൽ നിന്നുള്ളവരാണ് രോഗബാധിതരിൽ നാലു കുട്ടികൾ. ബാക്കിയുള്ളവർ മഹിസാഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
രണ്ടു കുട്ടികൾ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമുള്ളതാണ്. ഇവർക്കും ഗുജറാത്തിൽ തന്നെയാണ് ചികിത്സ നൽകുന്നതെന്ന് ഋഷികേശ് പട്ടേൽ പറഞ്ഞു. അതിൽ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.
രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോഗമായി തന്നെ പരിഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ രോഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്താണ് ചന്ദിപുര വൈറസ്?
റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്.
കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
രോഗം ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോഗംകൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.