വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദുരന്തബാധിതര്‍ക്ക് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് ഹിമാചല്‍പ്രദേശിലും നമ്മള്‍ കണ്ടത്. ഇവരുടെ വിലകുറഞ്ഞ രാഷ്ട്രീയം മൂലം വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും ദേശീയദുരന്തമായി അതിനെ പ്രഖ്യാപിക്കുന്നില്ല. അവിടെയും നഷ്ടപരിഹാരം നല്‍കിയില്ലെന്നും പ്രിയങ്ക പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് വേണ്ടി ബി.ജെ.പി കഴിഞ്ഞ പത്തു വര്‍ഷകാലമായി നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം എടുത്തുകളഞ്ഞു. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി. നുണപ്രചാരണങ്ങളിലൂടെ പരമാവധി അധിക്ഷേപിക്കാന്‍ ശ്രമിച്ചു. എന്നിട്ടൊന്നും അദ്ദേഹം സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ല. അദ്ദേഹം സത്യത്തിനുവേണ്ടി ഒരു യോദ്ധാവിനെ പോലെ പോരാടിയെന്നും പ്രിയങ്ക പറഞ്ഞു.
എവിടെനിന്നാണ് അദ്ദേഹത്തിന് ഇത്ര ധൈര്യം കിട്ടിയതെന്ന് സഹോദരി എന്ന നിലയില്‍ ഞാന്‍ ചിന്തിക്കുമായിരുന്നു. എങ്ങനെയാണ് ഒരു മനുഷ്യന് ആയിരക്കണക്കിന് കിലോമീറ്റര്‍ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് നടക്കാന്‍ കഴിയുന്നത്. ചില സമയത്ത് അദ്ദേഹത്തിന്റെ സുരക്ഷയെപ്പറ്റി എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്റെ കുടുംബം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത് നമ്മളെല്ലാവരും കൂടി ചേര്‍ന്ന് നടത്തേണ്ട പോരാട്ടമാണ്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയെന്ന ആശയം ഉണ്ടായിരിക്കുന്നത്. ഒരു തുള്ളി രക്തം പോലും ചിന്താതെ അഹിംസയുടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഈ രാജ്യത്തിന്റെ സത്വത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ബോധവുമില്ല. അവര്‍ ജനാധിപത്യത്തെ നശിപ്പിക്കാനാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ വലിയ അഞ്ചോ ആറോ വ്യവസായികളെ സഹായിക്കുന്നതിനു വേണ്ടിയാണ് ബിജെപി നയങ്ങള്‍ രൂപീകരിക്കുന്നത്. ഇതുമൂലം രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു. എങ്ങനെയെങ്കിലും രാജ്യത്ത് അധികാരം നിലനില്‍ക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ പത്തുവര്‍ഷമായി നമ്മളിത് തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രാഷ്ട്രീയമാണ് ഇവര്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടും കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.