ഒന്നും ഒളിച്ചുവയ്ക്കാനില്ല: മുഖ്യമന്ത്രി

തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

author-image
Prana
New Update
cm pinarayi vijayan latest news

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറല്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് ചൊവ്വാഴ്ച ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തോ മുഖ്യമന്ത്രിക്ക് മറച്ചുവെക്കാനുണ്ട് എന്നതടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഗവര്‍ണര്‍ ആരോപിച്ചത്.
ഈ കത്തിനാണ് മുഖ്യമന്ത്രി അതേഭാഷയില്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അത് അടിസ്ഥാനരഹിതമായ ആക്ഷേപമാണെന്നും കത്തില്‍ മുഖ്യമന്ത്രി തിരിച്ചടിച്ചു. എല്ലാ കാര്യങ്ങളും കൃത്യമായി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ല. സ്വര്‍ണക്കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ക്കയച്ച് കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, ഇക്കാര്യത്തില്‍ കേന്ദ്രത്തിനാണ് കൂടുതല്‍ ചുമതലയുള്ളതെന്നും സ്വര്‍ണക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി ഏറ്റെടുത്ത് ചെയ്യാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഗവര്‍ണറോട് വാഗ്വാദത്തിന് ഇല്ലായെന്നും മുഖ്യമന്ത്രി മറുപടിക്കത്തില്‍ വ്യക്തമാക്കി.

 

chief minister