വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. കെവി തോമസിനു കത്ത് നല്‍കി. നിലവിലെ മാനദണ്ഡങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കാണ് കെവി തോമസ് കത്ത് നല്‍കിയിരുന്നത്. ഈ കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സഹമന്ത്രി ഇത് സാധ്യമല്ലെന്ന് അറിയിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫ് ചട്ടപ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കത്തിലുണ്ട്.
നിലവില്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ചട്ടങ്ങളില്‍ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡമില്ലെന്നും കെവി തോമസിനുള്ള മറുപടി കത്തില്‍ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്ഡിആര്‍എഫ് പ്രവര്‍ത്തനങ്ങള്‍ക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 291 കോടി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നുള്ളതാണ്. ഇതില്‍ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31ന് സംസ്ഥാനത്തിന് നല്‍കിയിരുന്നു. 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ എസ്ഡിആര്‍എഫ് ഫണ്ടില്‍ 394 കോടി രൂപ ബാക്കിയുണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിന്റെ പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തില്‍ പറയുന്നു.
മുണ്ടക്കൈ ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, കേരളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫ. കെവി തോമസിനു കത്ത് നല്‍കി.
New Update