കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം

കേരളമുൾപ്പടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 145.60 കോടി മാത്രം

author-image
Anagha Rajeev
New Update
pm modi congratulate athlets

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേരളമുൾപ്പടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 145.60 കോടി മാത്രം. അതേസമയം മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി എന്നിങ്ങനെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്ന തുകയുടെ കണക്ക്.

ആകെമൊത്തം 5858.60 കോടി രൂപയാണ് ധനസഹായമായി കേന്ദ്രം അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള മുൻകൂർ തുകയായുമാണ് 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന്ന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്ക്ക് 416.80 കോടി, ത്രിപുരയ്ക്ക് 25 കോടി, പശ്ചിമ ബംഗാളിന് 468 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂണിൽ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഈ സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്.

ധനസഹായമായി 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കിട്ടിയതോ 145.60 കോടി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്. 

കേരളത്തിന് പുറമെ പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, ത്രിപുര, നാഗാലാൻഡ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ടു വിലയിരുത്തുന്നതിനായി അന്തർ മന്ത്രിതല കേന്ദ്രസംഘങ്ങളെ അയച്ചിരുന്നു. കൂടാതെ, അടുത്തിടെ വെള്ളപ്പൊക്കം നാശം വിതച്ച ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഐഎംസിടികളെ ഉടൻ അയക്കും. ഐഎംസിടി വിലയിരുത്തൽ റിപ്പോർട്ടുകൾ ലഭിച്ച ശേഷം, നടപടിക്രമം അനുസരിച്ച്, ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് എൻഡ‍ിആർഎഫിൽ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

kerala central goverment