ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. എന്തുകൊണ്ടാണ് വീണ ജോർജിന് അനുമതി നിഷേധിച്ചത് എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.
വ്യാഴാഴ്ച രാത്രി 9.40-ന് നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മന്ത്രി കുവൈത്തിലേക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ, അനുമതി ലഭിക്കാത്തതോടെ മന്ത്രിയും സംഘവും വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം.) ജീവന്‍ ബാബു അനുഗമിക്കുമെന്നും വിവരമുണ്ടായിരുന്നു.