കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ദുരന്തം നടന്ന ജൂലൈ 30ന് പ്രദേശത്തെ ബേക്കറിക്കുള്ളിലേക്ക് മലവെള്ളം കുത്തി ഒഴുകിയെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.അതിവേഗം വെള്ളം കടയിലേക്ക് ഇരച്ചുകയറുന്നതും സാധനങ്ങൾ നിലത്തുവീഴുന്നതും
സിസിടിവി ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്കായുളള തിരച്ചിൽ ഇരുപതാം ദിവസവും തുടരുകയാണ്.നിലവിൽ ഫയർഫോഴ്സിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ.പുതുക്കിയ റിപ്പോർട്ട് അനുസരിച്ച് 119 പേരെ ഇനിയും ദുരന്തമുഖത്ത് നിന്ന് കണ്ടെത്താനുള്ളത്.ദുരന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്.ഇതിനായി സന്നദ്ധ പ്രവർത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണൽതിട്ടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും.
ഉരുൾപൊട്ടലിൽ പൂർണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങൾ, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ എന്നിവയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. ഉപയോഗശൂന്യമായ നോട്ടുകൾ മാറിയെടുക്കാൻ എസ്ബിഐ കോട്ടപ്പടി ബ്രാഞ്ചിൽ നാളെ മുതൽ സൗകര്യമൊരുക്കും. ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണവും തുടരുന്നുണ്ട്.