മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എപ്പോഴും ഒരു ജെന്റര്‍ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാന്‍ പറ്റില്ല. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയില്‍ ആക്ടറിന് ചിലപ്പോള്‍ സിനിമകള്‍ നഷ്ടമായേക്കാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ താന്‍ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാന്‍ താല്പര്യമില്ല. അതിന് കാരണമായ ആളെ താന്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്, പക്ഷേ അതുമൂലം തനിക്ക് ആ സിനിമ നഷ്ടമായെന്നും ഗോകുല്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
'ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഒരു ഇന്‍ഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം. അങ്ങനെയൊരു ഘട്ടത്തിലാണ് നിവിന്‍ ചേട്ടനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നുള്ള വാര്‍ത്തകള്‍ വരുന്നത്. ഇപ്പോള്‍ ജനങ്ങള്‍ക്ക് ഒരു സ്ത്രീയെ മാത്രമല്ല ഒരു പുരുഷനെ കൂടെ ബാധിക്കപ്പെടുമെന്ന് കുറച്ചുകൂടെ വ്യക്തമായി മനസ്സിലായി.' എന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. ആര്‍ക്ക് നേരെയും എപ്പോള്‍ വേണമെങ്കിലും ഒരു വ്യാജ ആരോപണം ഉന്നയിക്കാവുന്ന രീതിയിലേക്ക് മലയാള സിനിമ മാറിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോകുല്‍.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന്‍ പോളിക്ക് എതിരെയുളള കേസ്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസം നിവിന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു. കൊച്ചിയില്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ റിപ്പോര്‍ട്ടറിന് കൈമാറിയിരുന്നു.