ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണലും സിനിമ താരവുമായ മോഹന്‍ലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബര്‍ക്കെതിരെ കേസ്. 'ചെകുത്താന്‍' എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂര്‍ മഠത്തില്‍ ഹൗസില്‍ അജു അലക്‌സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് പൊലീസ് നടപടി. ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍ ദുരന്തഭൂമിയില്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശനം നടത്തിയതിരെയാണ് 'ചെകുത്താന്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവര്‍ കാണുന്നതിനും സമൂഹമാധ്യത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും താരത്തിന്റെ ആരാധകരില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കൂടി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു.
കേസെടുത്തതിന് പിന്നാലെ യൂട്യൂബര്‍ ഒളിവില്‍ പോയെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും തിരുവല്ല എസ്.എച്ച്.ഒ ബി.കെ. സുനില്‍ കൃഷ്ണന്‍ പറഞ്ഞു.