നേരത്തെ രോഗമുണ്ടായിരുന്നെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. പോളിസി എടുക്കുംമുന്‍പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്റെ നിലപാട് തള്ളിയാണ് രോഗിയായ ഉപഭോക്താവിന് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള കോടതിയുടെ നീക്കം.
രണ്ട് ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സഹിതം 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വീഴ്ചവരുത്തിയാല്‍ പലിശസഹിതം നല്‍കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇന്‍ഷുറന്‍സ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം സ്വദേശി അജയകുമാര്‍ കാന്‍സര്‍ ബാധിതനാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പുതന്നെ ക്യാന്‍സര്‍ ബാധിതനായിരുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍, ഇതിന് തെളിവിനായി മുന്‍കൂര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരുന്നില്ല.
രോഗബാധിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്ന വാദം ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയതാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്തൃ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, രോഗം മറച്ചുവെച്ച് പോളിസി എടുത്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.
ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ക്കുന്നതിനു മുന്‍പ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്കാണ്. പോളിസിയില്‍ ചേര്‍ന്നതിനു ശേഷം ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തെ രോഗിയായിരുന്നു എന്ന് തര്‍ക്കമുന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അം?ഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.