''തർക്കം നിലനിൽക്കുന്ന ഭൂമി''; കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥർ

ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്നാണ് നഞ്ചിയമ്മയുടെ ആരോപണം.

author-image
Greeshma Rakesh
New Update
palakkad news

കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട്: അഗളിയിലെ ഭൂമിയിൽ കൃഷിയിറക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയെ തടഞ്ഞ് ഉദ്യോ​ഗസ്ഥർ. ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരമുള്ള (ടിഎൽഎ) വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയുമാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞത്.അഗളിയിലെ പ്രധാന ഏക്കറിലെ നാല് ഏക്കർ ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ സ്ഥലത്ത് എത്തിയത്.

ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്നാണ് നഞ്ചിയമ്മയുടെ ആരോപണം.

 അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പി എ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും അഗളി പൊലീസുമാണു തടഞ്ഞത്. നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായാണ് ടിഎൽഎ കേസുണ്ടായിരുന്നതെന്നും 2023ൽ അനുകൂലവിധി ലഭിച്ചെന്നും നഞ്ചിയമ്മ പറഞ്ഞു.

ടിഎൽഎ കേസ് നിലനിൽക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്കു റവന്യു അധികാരികൾ ഒത്താശ ചെയ്തതായി നഞ്ചിയമ്മ ആരോപിച്ചു. ടിഎൽഎ കേസുകളും അതിലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്നു സമരത്തിനു നേതൃത്വം നൽകിയ ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി ആർ ചന്ദ്രൻ പറഞ്ഞു. പ്രശ്‌നം 19നു ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൽ കൃഷിയിറക്കുന്നതു മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.

എഐകെകെഎസ് സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ ഉൾപ്പെടെ ആദിവാസി സംഘടനാ പ്രവർത്തകർ നഞ്ചിയമ്മക്ക് പിന്തുണയുമായി എത്തി. തനിക്ക് തന്റെ ഭൂമി തിരിച്ചു കിട്ടണമെന്നും ഭൂമി ആർക്കും വിട്ടുകൊടുക്കില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. ഭൂമി തിരിച്ചു കിട്ടിയില്ലെങ്കിൽ ഇനിയും താൻ കേസിന് പോകും. തന്റെ മുത്തച്ഛന്റെ ഭൂമിയാണിത്. അത് താൻ തിരിച്ചെടുക്കുമെന്നും നഞ്ചിയമ്മ പറഞ്ഞു.



police palakkad Revenue Department nanchiyamma