തൃശൂർ: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ച് മുന്നണികൾ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ആരംഭിച്ചു. സ്ഥാനാർഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിർദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ട് ചെയ്തേക്കും. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. മുൻ എംഎൽഎ കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടർന്നാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
സിപിഎമ്മിൽ നിന്ന് ചേലക്കരയിൽ പട്ടികജാതി ക്ഷേമ ബോർഡ് ചെയർമാൻ യുആർ പ്രദീപിനാണ് സാധ്യത. അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം പുകയുകയാണ്. ഡോ പി സരിന് വേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുകയാണ്.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പാലക്കാട്ടെ കോൺഗ്രസ് നേതാക്കളും എതിർപ്പുമായി രംഗത്തെത്തി. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം.