മലയിൻകീഴ് ∙മൂക്കുന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പൊലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിനു പിന്നാലെ വീടുകളിൽ വെടിയുണ്ടകൾ പതിച്ച സംഭവത്തിൽ നെടുമങ്ങാട് ആർഡിഒയുടെ ഇടക്കാല റിപ്പോർട്ട് കലക്ടർക്കു കൈമാറി.പരിശീലനത്തിനിടെ ഫയറിങ് പിറ്റിൽ നിന്ന് വെടിയുണ്ടകൾ ഇനിയും ജനവാസമേഖലകളിൽ പതിച്ചേക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതൊഴിവാക്കാൻ പരിശീലന സമയത്ത് കൃത്യമായ നിർദേശങ്ങൾ നൽകാൻ പരിശീലകർ ഉണ്ടാകണമെന്നും പൊലീസ് ഉൾപ്പെടെ ആരു പരിശീലനം നടത്തിയാലും സ്ഥലത്തിന്റെ ഉടമസ്ഥർ എന്ന നിലയിൽ കരസേന നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കണമെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഫയറിങ് പിറ്റിനു സമീപത്തും താഴ്‌വാരങ്ങളിലും മുൻകാലത്തെ അപേക്ഷിച്ച് വീടുകൾ കൂടിയതും മരങ്ങൾ കുറഞ്ഞതും അപകട സാധ്യത വർധിപ്പിക്കുന്നതായി ആർഡിഒ കെ പി ജയകുമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ആർഡിഒയുടെ കസ്റ്റഡിയിലുള്ള 4 വെടിയുണ്ടകൾ ഫൊറൻസിക് പരിശോധനയ്ക്കായി ഇന്ന് പൊലീസിന് കൈമാറും.
വെടിയുണ്ട കണ്ടെത്തിയ വീടുകളിലും മൂക്കുന്നിമലയിലെ ഫയറിങ് പിറ്റിലും ഇന്നലെ പൊലീസിന്റെ ഫൊറൻസിക്,ബാലിസ്റ്റിക്,സ്പെഷൽ ബ്രാഞ്ച് സംഘങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.ബാലിസ്റ്റിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് അസിസ്റ്റന്റ് ഡയറക്ടർ സഹറ മുഹമ്മദ് നേതൃത്വം നൽകി. ഫൊറൻസിക് ഡിവൈഎസ്പിമാരായ ജയകുമാർ,ബിനു,മലയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ ആർ റോയ്,മൂക്കുന്നിമല ഫയറിങ് സ്റ്റേഷനിലെ സുബേദാർ മേജർ പി.ജയകുമാർ എന്നിവരും പങ്കെടുത്തു.കഴിഞ്ഞ 7-ന് മൂക്കുന്നിമലയിലെ ഫയറിങ് പിറ്റിൽ വെടിവയ്പ് പരിശീലനത്തിനിടെ നാല് വെടിയുണ്ടകളാണു വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ കാവടിവിള, കൊച്ചുപൊറ്റയിൽ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയത്.അതേസമയം,വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻമനുഷ്യാവകാശ കമ്മിഷനു പരാതി നൽകി.