ആലപ്പുഴ: കടപ്പുറത്ത് പൈപ്പ് ബോംബിന് സമാനമായ വസ്തു കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം എറണാകുളത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡിന്റെ സംഘം ഈ വസ്തുപൊട്ടിച്ച് നിർവീര്യമാക്കി. ഇതിൽ നിന്നുലഭിച്ച വസ്തുക്കൾ ഫോറൻസിക് ലാബിലേക്ക് പരിശോധകൾക്കായി അയച്ചു.
ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് ഇരുവശങ്ങളുമടച്ച പൈപ്പ്കഷ്ണം ദമ്പതികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഇവർ കാര്യം പോലീസിൽ അറിയിച്ചു. തുടർന്ന്, പോലീസെത്തിയുള്ള പരിശോധനയിൽ പൈപ്പിനുള്ളിലെ ലോഹസാന്നിധ്യം തിരിച്ചറിഞ്ഞു. പിന്നീട്, ബോംബ് സ്ക്വാഡ് എത്തിയുള്ള പരിശോധനയിലും ലോഹസാന്നിധ്യം ഉറപ്പിച്ചതോടെ വസ്തു പൊട്ടിച്ച് നിർവീര്യമാക്കുകയായിരുന്നു.
പോലീസെത്തിയുള്ള ആദ്യഘട്ടപരിശോധനയിൽ ഡോഗ് സ്ക്വാഡും മെറ്റൽ ഡിറ്റെക്ടർ പരിശോധനയിലും ഉള്ളിൽ ലോഹസാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ഡിവൈ.എസ്.പി, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
ബോംബ് കണ്ടെത്തിയെന്നുള്ള വാർത്ത കടപ്പുറത്തെത്തിയവരേയും പരിസരവാസികളേയും ഏറെനേരം ഭീതിയിലാക്കി. മറ്റുജില്ലകളിൽ നിന്നുള്ളവരും വിനോദസഞ്ചാരികളുമുൾപ്പെടെ നിരവധിപ്പേരാണ് ദിനംപ്രതി ആലപ്പുഴ കടപ്പുറത്തെത്താറുള്ളത്.