തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്കിടയിൽ മൂവരും മന്ത്രവാദത്തിൽ ഏർപ്പെട്ടിരുന്നോ എന്ന സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു.നവീന്റെ കാറിൽ നിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.
നേരത്തെ വീണ്ടെടുത്ത ഇ-മെയിൽ സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇതെന്ന നിഗമനത്തിലാണ് പൊലീസ്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തിൽ നിന്ന് ആര്യക്ക് വന്ന സന്ദേശങ്ങളിൽ ഒരു കല്ലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പണത്തിനായി ആര്യയുടെ ആഭരണങ്ങൾ വിറ്റെന്നും സംശയമുണ്ട്. മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഏപ്രിൽ രണ്ടിനാണ് കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസ് ഭാര്യ ദേവി മാധവൻ ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി ആര്യ നായർ എന്നിവരെ അരുണാചലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുക്കുമ്പോൾ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു.
ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണ് മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച വളകൾ ധരിച്ചിരുന്നു. ഇവയൊക്കെ അന്ധവിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മാത്രമല്ല ഒരു ആരാധനാലയത്തിൽ ചേരാൻ നവീൻ പ്രേരിപ്പിച്ചെന്ന ആര്യയുടെ കുടുംബത്തിൻ്റെ മൊഴിയും പോലീസിൻ്റെ സംശയം ബലപ്പെടുത്തുന്നു.അതിനിടെ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.മൂവരും താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം അരുണാചൽ പോലീസ് സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്.
നവീൻ്റെ കാറിൻ്റെ താക്കോൽ, മൂവരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ്, ജീവിതം അവസാനിപ്പിക്കാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് അമ്മയെ അറിയിക്കുന്ന നവീൻ്റെ വികാരനിർഭരമായ കുറിപ്പ് എന്നിവയും മുറിയിൽ നിന്ന് രണ്ട് ഫോണുകളും ലാപ്‌ടോപ്പും കണ്ടെടുത്തിട്ടുണ്ട്.നിലവിൽ ഈ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.