തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്തെ തീരദേശങ്ങളിൽ പലയിടത്തും ശക്തമായ തിരമാലയും കടലാക്രമണവും. തിരുവനന്തപുരത്ത് പെരുമാതുറ ഭാഗത്തുണ്ടായ കടലേറ്റത്തില്‍ കടല്‍ ഭിത്തികള്‍ തകർന്നു. തീരത്തേക്ക് അതിശക്തമായ തിരമാലകള്‍ അടിച്ചുകയറുന്ന സാഹചര്യവും നിലനില്‍ക്കുന്നു.
അതേസമയം, തീരദേശമേഖലയായ അഞ്ചുതെങ്കിലും മുതലപ്പൊഴിയിലും വീടുകളില്‍ വെള്ളം കയറി . കള്ളക്കടൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്നലെ തന്നെ പല വീടുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴയിലും കടലേറ്റം കാസർഗോഡും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ കടലാക്രമണവുമുണ്ട്. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും പ്രദേശത്ത് നിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. എന്നാൽ കടലേറ്റതിൽ മത്സ്യത്തൊഴിലാളികളുടെ വലകൾ നഷ്ടമായിട്ടുണ്ട്. കടല്‍ഭിത്തിയില്ലാത്ത മേഖലകളിലാണ് കടല്‍ കയറിയത്.
കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്നും നാളെയും രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.