പാലക്കാട്:പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനധികൃത പണം എത്തിച്ചു എന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറികളിൽ പോലീസിന്റെ ഔദ്യോഗിക പരിശോധന.പരിശോധനയെ തുടർന്ന് വലിയ രീതിയിലുള്ള സംഘർഷമാണ് പ്രവർത്തകരിൽ നിന്നും ഉണ്ടായത്.പരിശോധന നടക്കുമ്പോൾ സി പി എം, ബി ജെ പി നേതാക്കൾ വന്നതോടെയാണ് സംഘര്‍ഷാവസ്ഥ കലുഷിതമായത്.പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃത പണം എത്തിച്ചെന്ന് എലെക്ഷൻ കമ്മീഷന് ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധന.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പോലീസ് എത്തിയത്. കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന മുറികളിലായിരുന്നു പോലീസിന്റെ പരിശോധന.പുലർച്ചെ മൂന്ന് മണിവരെയായിരുന്നു പരിശോധന നടന്നത്.കോണ്‍ഗ്രസ് വനിതാനേതാവ് ബിന്ദു കൃഷ്ണ,ഷാനിമോള്‍ ഉസ്മാൻ എന്നിവരുടെ മുറിയിലും പരിശോധയുണ്ടായി.
വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താൻ കഴിയില്ലെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു. മാത്രമല്ല പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്തനായിട്ടില്ലെന്ന് എഴുതി കൊടുക്കാനും തയാറായില്ല . ഇതോടെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു .പോലീസ് എത്തിയതോടെ നിരവധി സിപിഎം അണികളും ഹോട്ടലിനു പുറത്ത് തടിച്ചുകൂടി.ഇത് സിപിഎമ്മിന്റെ നാടകമാണെന്നും തെരെഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് സിപിഎം ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയ കളികൾ സൃഷ്ടിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.പലതവണ ഹോട്ടലിനു പുറത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.ബിജെപി പ്രവർത്തകരുടെ മുറിയിലും പൊലീസ് പരിശോധന നടത്തി.ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നുമായിരുന്നു സിപിഎം പ്രവർത്തകരുടെ ആരോപണം.