ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ; വിഡി സതീഷൻ

ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്.

author-image
Anagha Rajeev
New Update
vd satheesan against saji cherian
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി സിനിമാക്കാരെ മുഴുവൻ സംശയ നിഴലിൽ നിർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വലിയ ഒളിച്ചു കളിയാണ് നടത്തുന്നത്. ആരൊക്കെയോ കുറച്ചു ആളുകളെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാർ നടത്തുന്ന ഒളിച്ചു കളിയാണ്, എല്ലാവരും വഷളാകുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത് എന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 

സിനിമാരംഗത്തു നിൽക്കുന്നവരെല്ലാം കുഴപ്പക്കാരാണ്, എല്ലാവരും കൊള്ളരുതാത്തവരാണ് എന്ന തോന്നൽ സാധാരണക്കാർക്ക് ഇടയിൽ ഉണ്ടാക്കാൻ കാരണം സർക്കാരാണ്. ന്യൂനപക്ഷം ആളുകൾ മാത്രമാണ് കുറ്റവാളികൾ. എത്രയോ നല്ലവരായ ആളുകൾ സിനിമയിലുണ്ട്. ദീർഘകാലമായി സിനിമാരംഗത്തു നിന്നിട്ട് ഒരു കറ പോലും ഏൽക്കാതെ നിൽക്കുന്ന എത്രയോ പേരുണ്ട്. അവരും ജനങ്ങളുടെ മുന്നിൽ സംശയനിഴലിലായി നിൽക്കുകയാണ്. ഇതിനു കാരണം സർക്കാർ നിലപാടാണ്.

യഥാർത്ഥ കുറ്റവാളികൾ ആരാണെന്നത് സർക്കാർ മറച്ചു വെക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ, സത്യസന്ധരായ മനുഷ്യർ പോലും അപമാനിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നത്. ഇതിന് സർക്കാർ പരിഹാരം ഉണ്ടാക്കിയേ പറ്റൂ എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി ഒന്നും പറയുന്നില്ല. മുഖ്യമന്ത്രിയാകട്ടെ ഇഷ്ടമുള്ള ചോദ്യത്തിന് മാത്രമേ മറുപടി പറയുകയുള്ളൂ.

സർക്കാരിനോട് അഞ്ചു ചോദ്യങ്ങൾ പ്രതിപക്ഷം ചോദിക്കുകയാണ്. 1. ഒരുപാട് ക്രിമിനൽ കുറ്റങ്ങൾ നടന്നുവെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്ത് എന്തുകൊണ്ട് സർക്കാർ അന്വേഷണം നടത്തുന്നില്ല?. 2. ഭാരതീയ നിയമസംഹിതയുടേയും, പോക്‌സോ ആക്ടിന്റെയും നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ നടന്നുവെന്ന് പറഞ്ഞാൽ അന്വേഷണം നടത്തണമെന്നാണ് നിയമം പറയുന്നത്. എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ല? നിയമം ലംഘിക്കുന്നതു തന്നെ കുറ്റകരമാണ്.

3. വിവരാവകാശ കമ്മീഷൻ പറഞ്ഞതു കൂടാതെയുള്ള കുറേ പേജുകളും ഖണ്ഡികകളും വെട്ടിമാറ്റിയത് ആരെ സംരക്ഷിക്കാനാണ്?. പേജുകൾ പുറത്തു വിട്ടപ്പോൾ കാണിച്ച കൃത്രിമം ആരെ രക്ഷിക്കാനാണെന്നത് സർക്കാർ വ്യക്തമാക്കിയേ പറ്റൂ. 4. ആരോപണ വിധേയരുടെ കൂടെ ഇരുത്തി സിനിമാ കോൺക്ലേവ് നടത്തുമെന്ന് പറയുന്നത് ഇരകളെ അപമാനിക്കലാണ്. എന്തിനാണ് ആരോപണ വിധേയരെ ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുന്നത്?. 5. എന്തുകൊണ്ടാണ് പിണറായി വിജയൻ സർക്കാർ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നത്?. ഈ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിജെപിയുടെ കേന്ദ്രമന്ത്രി ഇറങ്ങിയിരിക്കുകയാണ്. ആരെ രക്ഷിക്കാനാണ്, സിപിഎമ്മിന്റെ എംഎൽഎയെ രക്ഷിക്കാൻ. എന്താ കഥ. ബിജെപിയുടെ കേന്ദ്രമന്ത്രി എന്തിനു വേണ്ടിയാണ് മാധ്യമങ്ങളെ തട്ടി മാറ്റിയത്. നിങ്ങൾ ഞങ്ങളുടെ മഹത്വം മനസ്സിലാക്കുക. ഞങ്ങളൊക്കെ എത്ര ഡീസന്റാണ്, എത്ര മര്യാദക്കാരാണ്. അത്രയേ പറയുന്നുള്ളൂ. സിനിമാ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

vd satheeshan