ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ദേശീയ വനിതാ കമ്മിഷനു പരാതി നൽകി സംസ്ഥാനത്തെ ബിജെപി നേതാക്കൾ. സന്ദീപ് വചസ്പതി, ശിവശങ്കർ എന്നിവർ ഡൽഹിയിലെ ദേശീയ വനിതാ കമ്മിഷൻ ആസ്ഥാനത്ത് എത്തിയാണ് പരാതി നൽകിയത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റക്കാരോടു സർക്കാർ വിലപേശുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആരോപണം നേരിടുന്നവരുടെ പേരുകൾ ഒളിച്ചു വയ്ക്കേണ്ടതില്ലെന്നും നേതാക്കൾ പറഞ്ഞു. ഇപ്പോൾ കേസെടുത്തിരിക്കുന്നത് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവർക്കെതിരെ അല്ലെന്നും ദേശിയ വനിതാ കമ്മിഷനെ നേതാക്കൾ അറിയിച്ചു.
ആരോപണ വിധേയനായ മുകേഷിനെ സംരക്ഷിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിനു പിന്നാലെ ബിജെപിയിൽ അതൃപ്തി രൂക്ഷമായിരുന്നു. സുരേഷ് ഗോപിയുടെ നിലപാട് പാർട്ടി നിലപാടല്ലെന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആയിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിലപാട്. ഇതിനുപിന്നാലെയാണു നേതാക്കൾ പരാതിയുമായി ദേശീയ വനിതാ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.