തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും പക്ഷിശല്ല്യം. ഇന്നലെ ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറി. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാത്രി 8.20-ന് 140 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എൻജിനിൽ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്നാണ് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അനുമതി ആവശ്യപ്പെട്ടത്. ഉടൻ തന്നെ അടിയന്തര ലാൻഡിങ്ങിനുള്ള സംവിധാനം ഒരുക്കുകയായിരുന്നു.
വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനെത്തുടർന്ന് വിമാനത്താവളത്തിലെ അഗ്‌നിരക്ഷാവാഹനങ്ങളും സി.ഐ.എസ്.എഫ്. കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി. തുടർന്ന് രാത്രി 9.30-ഓടെ പൈലറ്റ് സുരക്ഷിതമായി വിമാനം തിരിച്ചിറക്കുകയായിരുന്നു.