ആനി രാജയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വവുമായി ആലോചിക്കാതെ പ്രതികരണം നടത്തിയെന്നാണ് പരാതി. കഴിഞ്ഞമാസം 25 ന് നടന്ന ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായിട്ടായിരുന്നു കത്ത്.
ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഇടത് എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് കത്ത്. കാനം രാജേന്ദ്രന്‍ അധ്യക്ഷനായിരുന്ന സമയത്തും ആനി രാജയ്‌ക്കെതിരെ കത്ത് എഴുതിയിരുന്നു. പൊലീസിലെ സംഘപരിവാര്‍ സാന്നിധ്യത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ കത്ത്.
മുകേഷിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന ആനി രാജയെ തള്ളി അന്നുതന്നെ ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ഇവിടുത്തെ കാര്യങ്ങള്‍ പറയാന്‍ സിപിഐക്ക് സംസ്ഥാന നേതൃത്വമുണ്ട്. കേരളത്തിലെ രാഷ്ട്രീയം പറയേണ്ടത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. അതൊരു വ്യവസ്ഥാപിത ബോധ്യമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയന്‍ എന്ന നിലയില്‍ ഒരു നിമിഷം പോലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.