തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ.എസ്.എസ്. നേതാക്കളുമായി ഇടക്കിടെ കാണാൻ പോകുന്ന ഒരാൾക്ക് എൽ.ഡി.എഫ്. ഭരിക്കുന്ന കേരളത്തിലെ പോലീസിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് കുമാർ എ.ഡി.ജി.പി. ആ സ്ഥാനത്ത് അധികകാലം ഉണ്ടാകാൻ പോകുന്നില്ല. അജിത് കുമാറിനേപ്പോലൊരാൾക്ക് ആ സ്ഥലത്തിരിക്കാൻ പറ്റില്ല. ഏറെക്കാലം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. ആർ.എസ്.എസിനെ ഇടക്കിടെ പോയി കാണുന്ന, അവരുമായി ചങ്ങാത്തമുള്ള ഒരാൾക്ക് എൽ.ഡി.എഫ്. ഭരിക്കുന്ന കേരളത്തിലെ പോലീസിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയായി പോകാൻ പറ്റില്ല.
ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും രാഷ്ട്രീയവും ആശയവും ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണ്. ആ മൂല്യങ്ങൾ മറന്നുകൊണ്ടുള്ള പരിഹാരത്തിന് വേണ്ടി ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ്. ആ മൂല്യങ്ങളുടെ കാവൽക്കാരനാണ് അൻവർ എന്ന് വിചാരിക്കാൻ സി.പി.ഐക്കാവില്ല. ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരനെപ്പോലെ അൻവർ ഭാവിച്ചാലും ആരെങ്കിലും അൻവറിനെ ഉയർത്തിക്കാണിച്ചാലും എത്രമാത്രം ശരിയാകുമെന്ന് സി.പി.ഐക്ക് സംശയമുണ്ട്, ബിനോയ് വിശ്വം പറഞ്ഞു.