ബിഹാറിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പത്താമത്തെ പാലവും തകർന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പാലങ്ങൾ കൂടി തകർന്നിരുന്നു. സരൺ ജില്ലയിലെ ഗാണ്ഡകി നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്. 15 വർഷം മാത്രം പഴക്കമുള്ള പാലമാണ് തകർന്നുവീണത്.
കഴിഞ്ഞ ദിവസം സിവാൻ ജില്ലയിൽ നിർമ്മാണത്തിലിരുന്ന പാലവും തകർന്നുവീണിരുന്നു. 1982-83 കാലഘട്ടത്തിൽ നിർമ്മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരുകയായിരുന്നു. സംസ്ഥാനത്ത് തകർന്ന പാലങ്ങളിൽ ഏറെയും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്മെന്റ് നിർമ്മിച്ചതാണ്.
ബീഹാറിൽ തുടർച്ചയായി പാലങ്ങൾ തകരുന്നതിൽ നിതീഷ് കുമാർ സഖ്യത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അതേസമയം പാലം തകർന്നതിന്റെ കാരണം അന്വേഷിക്കുന്നതായി ഡവലപ്മെന്റ് കമ്മീഷണർ മുകേഷ് കുമാർ അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഉൾപ്പെടെ നിർമ്മാണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജൂൺ 22ന് ആയിരുന്നു സിവാൻ ജില്ലയിൽ ആദ്യ പാലം തകർന്നത്.