1924 ജൂലൈ 17 നായിരുന്നു കേരളത്തെ തകർത്ത പ്രളയം ഉണ്ടായത്. കർക്കടക മാസത്തിന്‍റെ ആദ്യ മൂന്ന് ആഴ്ചകളിൽ തോരാതെ പേമാരി തിരുവിതാംകൂർ, കൊച്ചി, മലബാർ നടുകളെ ഒരുപോലെ മാറ്റി മറിച്ചു. എല്ലാ കാലത്തും മലയാളിയുടെ ഓർമകളിൽ ഭീതി വിതച്ച് നിറഞ്ഞു നിന്ന 99 ലെ വെള്ളപ്പൊക്കത്തിന് നൂറ് വയസ് തികയുകയാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിലാണ് ഈ വെള്ളപ്പൊക്കം അറിയപ്പെടുന്നത്.
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 99ലെ വെള്ളപ്പൊക്കം. ആ പ്രളയം പ്രായംചെന്ന പലരുടെയും ഓർമകളിൽ ഇന്നും നിറഞ്ഞ് നിൽക്കുന്നുണ്ട്. പലർക്കും പറയാൻ നഷ്‌ടങ്ങളുടെ നിരവധി കണക്കുകളുമുണ്ട്. ആയിരക്കണക്കിന് മനുഷ്യജീവൻ നഷ്‌ടമായ പ്രളയത്തിൽ നിരവധി പക്ഷിമൃഗാദികളും, കൃഷിയും നഷ്ടമായി. ചേതനയറ്റ മനുഷ്യശരീരങ്ങൾ പലയിടത്തും ഒഴുകിനടന്നു. ഒട്ടനവധി പേർക്ക് വീടും, സ്വത്തുവകകളും, വളർത്തുമൃഗങ്ങളും നഷ്‌ടപ്പെട്ടു. വന്മരങ്ങളും, കുടിലുകളും, ചത്ത മൃഗങ്ങളും മലവെള്ളത്തിൽ ഒഴുകിവന്നു.
പ്രളയത്തിന്റെ പ്രധാനകാരണം മൂന്നാഴ്‌ചയോളം തുടർച്ചയായി പെയ്ത അതിശക്‌തമായ മഴയായിരുന്നു. 1924 ജൂലൈ 15 നായിരുന്നു ആ പെരുമഴ പെയ്തു തുടങ്ങിയത്. മൂന്നാഴ്‌ചയോളം ഇടമുറിയാതെ പെയ് മഴ തകർത്തത് നിരവധി സ്വപ്‌നങ്ങളായിരുന്നു. നാമമാത്രമായെങ്കിലും ഉണ്ടായിരുന്ന റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചു, റയിൽപ്പാളങ്ങൾ വെള്ളത്തിൽ മുങ്ങി സർവീസുകൾ നിർത്തിവച്ചു, തപാൽ സംവിധാനങ്ങൾ തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ കൂട്ടമായി പലായനം ചെയ്തു, ഉയർന്ന മേഖലകൾ അഭയാർഥികളെക്കൊണ്ട് നിറഞ്ഞു.
ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കിട്ടാതെ ജനം പട്ടിണിയിൽ വലഞ്ഞു. വെള്ളമിറങ്ങിപ്പോകാൻ പിന്നെയും ദിവസങ്ങളെടുത്തു. ഓലയും, പനമ്പും, മണ്ണും കൊണ്ടുണ്ടാക്കിയ പല കുടിലുകളുമൊക്കെ നാമാവശേഷമായി. പുഴകളും തോടുകളും വഴിമാറിയൊഴുകി, റോഡുകൾ ഇല്ലാതായി, വന്മരങ്ങൾ കടപുഴകി, പല കെട്ടിടങ്ങളും തകർന്നുവീണു. എക്കലും ചെളിയുമടിഞ്ഞ് രൂപം നഷ്‌ടപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പൂർവസ്‌ഥിതിയിലെത്താൻ വീണ്ടും വർഷങ്ങളെടുത്തു.
തിരുവിതാംകൂറിനെയും മലബാറിൻ്റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം ബാധിച്ചത് ഇന്നത്തെ മധ്യകേരളത്തെയായിരുന്നു. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ആലപ്പുഴ ജില്ല പൂർണ്ണമായും, എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായി എന്നാണ് ചരിത്രരേഖകൾ പറയുന്നത്. കോഴിക്കോട് പട്ടണത്തിന്റെ പല ഭാഗങ്ങളും അന്ന് മുങ്ങിയിരുന്നു.
99 ലെ പ്രളയം തകർത്തുകളഞ്ഞത് ബ്രിട്ടീഷുകാർ പടുത്തുയർത്തിയ മൂന്നാർ പട്ടണം കൂടിയായിരുന്നു. ഇംഗ്ലണ്ടിലെ നഗരങ്ങളുടെ മാതൃകയിൽ നിർമിച്ച, അവരുടെ അഭിമാനമായിരുന്ന മൂന്നാർ എന്ന സ്വപ്‌നസാമ്രാജ്യവും അവിടെ അവർ വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളും ദിവസങ്ങൾ കൊണ്ട് ഇല്ലാതെയായി. മലവെള്ളത്തിനൊപ്പം കുതിച്ചെത്തിയ പാറകളും മരങ്ങളും പട്ടണത്തെ തുടച്ചുനീക്കിയതിനൊപ്പം നൂറിൽപരം ജീവനുകളും പ്രളയം കൊണ്ടുപോയി.
സമുദ്ര നിരപ്പിൽ വെള്ളം കയറിയത് അത്ഭുതമല്ല. എന്നാൽ സമുദ്ര നിരപ്പിൽ നിന്ന് 5000-6000 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പ്രളയത്തിൽ മുങ്ങിയതാണ് കൂടുതൽ അമ്പരപ്പിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ ഈ വെള്ളപ്പൊക്കം എങ്ങനെ ബാധിച്ചു എന്ന് പലരും അത്ഭുതപ്പെടാറുണ്ട്. പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറ്റിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു അതിനു കാരണം. ഉരുൾപ്പൊട്ടി എത്തിയ ജലം അവിടെ കെട്ടി നിന്നും. ഭാരം താങ്ങാനാകാതെ ബണ്ട് തകർന്നു. നിമിഷ നേരം കൊണ്ടാണ് മൂന്നാർ തകർന്നടിഞ്ഞു. ദിവസങ്ങൾക്കുശേഷം വീണ്ടുമൊരിക്കൽക്കൂടി ഇത് ആവർത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലിൽ പട്ടണം തന്നെ ഇല്ലാതായി. റെയിൽ പാതയും റോഡുകളും റെയിൽവേ സ്റ്റേഷനും തകർന്നു.
ചരിത്രത്തിൽ ഏറെയൊന്നും വിശദമായി രേഖപ്പെടുത്തപ്പെടാത്ത ദുരന്തം ആയിരുന്നു 99 ലെ വെള്ളപ്പൊക്കം. എങ്കിലും ഓരോ മലയാളിയുടെയും കേട്ടു കേൾവിയുടെ അറയിൽ ആ മഹാപ്രളയത്തിൻ്റെ ചിത്രം ഉണ്ട്. പ്രളയം മാറ്റിവരച്ച ഭൂപടങ്ങൾ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങൾ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് ’99ലെ വെള്ളപ്പൊക്കം’ എന്ന് ഇപ്പോഴും നമ്മൾ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്.