വിഴിഞ്ഞം: തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടു ബന്ധിക്കാനുള്ള സംവിധാനം വൈകാതെ സജ്ജമാകും. ബോട്ട് അടുപ്പിച്ചു നിർത്തുന്നതിനുള്ള ചെറു ബെർത്തു നിർമാണത്തിനു പുതുക്കിയ പദ്ധതി രൂപരേഖയും എസ്റ്റിമേറ്റുമടങ്ങുന്ന റിപ്പോർട്ട് ഹാർബർ എൻജിനീയറിങ് വകുപ്പു (എച്ച്ഇഡി) സമർപ്പിച്ചു. തീരദേശ പൊലീസ് ആസ്ഥാനത്തു നിന്നുള്ള അന്തിമ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെൻഡർ ക്ഷണിക്കാനാകുമെന്ന് എച്ച്ഇഡി അധികൃതർ അറിയിച്ചു. 2010-ന് സ്ഥാപിതമായ വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ട് ബന്ധിച്ചു നിർത്തുന്നതിനുള്ള സംവിധാനം ഇല്ലാത്തത് സേനയ്ക്കു പരിമിതിയാണ്.
അടിയന്തര സാഹചര്യത്തിൽ ബോട്ട് വേഗം പുറത്തിറക്കാനാകാത്ത അവസ്ഥ സേനയ്ക്കു വെല്ലുവിളിയായിരുന്നു. ഇതിനു പരിഹാരമായാണ് സ്റ്റേഷനു മുന്നിലായി മിനി ബെർത്തു സംവിധാനം സജ്ജമാക്കാൻ പദ്ധതി ആവിഷ്കരിച്ചത്. കേന്ദ്രത്തിൽ നിന്നു 2 വർഷം മുൻപ് അനുവദിച്ച 50 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ നടപ്പായില്ലെന്ന് അധികൃതർ പറഞ്ഞു. തുടർന്നാണ് കേന്ദ്ര ഫണ്ടു കൂടാതെ സംസ്ഥാന സർക്കാരിൽ നിന്നുള്ള 10 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി രേഖ തയാറാക്കിയത്. തൂണുകൾ വേണ്ടാത്ത നൂതന രീതിയിലുള്ള 12 മീറ്റർ നീളമുള്ള ചെറു ബെർത്തിന്റെ രേഖയാണ് തയാറാക്കിയിട്ടുള്ളത്.
2010-ൽ ലഭ്യമായ ബോട്ടാണ് ഇപ്പോഴുമുള്ളത്. കാലപ്പഴക്കത്താൽ പലപ്പോഴും ഇതു കേടാകാറുണ്ട്. ആധുനിക വലിയ ബോട്ട് കോസ്റ്റൽ പൊലീസിനു ലഭ്യമാക്കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ചു പല തവണ അധികൃതർക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടാകുന്നില്ല.