യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന ബാവയെ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു

author-image
Prana
New Update
thomas pradhaman bava

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ (95) കാലം ചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍സെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ടതും ബാവയാണ്.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമത്തെയാളായി 1929 ജൂലായ് 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലിചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിറമാടം ദയാറയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21ന് മഞ്ഞനിക്കര ദയാറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാ.സി.എം.തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികപട്ടമേറ്റു. 
1973 ഒക്ടോബര് 11ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരി. ഇഗ്‌നാത്തിയോസ് യാക്കൂബ് തൃതീയന് പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില് മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു. യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975ലെ തിരുത്തിശ്ശേരി അസോസിയേഷനും, 1994, 1997, 2000, 2002, 2007,2012,2019 വര്‍ഷങ്ങളിലെ അസോസിയേഷന് യോഗങ്ങള്‍ക്കും നേതൃത്വം നല്കിയത് അദ്ദേഹമാണ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 2019 ഏപ്രില്‍ 27നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിയുകയായിരുന്നു.

 

passed away jacobite church