മുകേഷിൻറെയും ചന്ദ്രശേഖരൻറെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് കോടതിയിലേക്ക്

അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ചു കേസെടുക്കാമെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് നിലവിൽ എല്ലാ പരാതികളിലും അന്വേഷണം മുന്നോട്ടുപോകുന്നത്.

author-image
Anagha Rajeev
New Update
mukesh siddique
Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗിക പീഡന പരാതിയിൽ പ്രതികളായ നടൻ മുകേഷിൻറെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരൻറെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

നടൻ മുകേഷിനു കോടതി 5 ദിവസം അറസ്റ്റ് തടഞ്ഞ് ആശ്വാസം നൽകിയിരുന്നെങ്കിലും അടുത്ത അവധിക്കു മുൻകൂർ ജാമ്യം നൽകുമോയെന്നതാണ് അന്വേഷണസംഘം നിരീക്ഷിക്കുന്നത്. അറസ്റ്റ് തടഞ്ഞു സമയം കൊടുക്കുകയാണെങ്കിൽ അടുത്ത നടപടി അന്വേഷണസംഘം യോഗം ചേർന്നു തീരുമാനിക്കും. കാലപ്പഴക്കമുള്ള കേസുകളായതിനാൽ തെളിവുകൾ ലഭിച്ചില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ചു കേസെടുക്കാമെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് നിലവിൽ എല്ലാ പരാതികളിലും അന്വേഷണം മുന്നോട്ടുപോകുന്നത്. അതേസമയം നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിൻറെ പ്രധാന ആവശ്യം.

മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാകേസിൽ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

anticipatory bail siddique mukesh