കൊച്ചി: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രാജിവെച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സമിതിയോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് രാജി വെക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സമിതി അടുത്ത ചർച്ച നടത്തുന്നത് ഫെഫ്കയുമായാണ്. അതിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിർദേശിച്ചിരിക്കുന്നത്.
റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട്ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അംഗമായിരുന്നാൽ തനിക്ക് അതിന് കഴിയില്ല. അതേസമയം സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് വിനയൻ ഹർജിയിൽ പറഞ്ഞു.
തൊഴില്‍ നിഷേധത്തിനാണു കോംപറ്റീഷന്‍ കമ്മീഷന്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഈ തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊഴില്‍ നിഷേധിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു.