തിരുവനന്തപുരം: ലീഡുനില മാറിമറിഞ്ഞ് ആറ്റിങ്ങല്‍ മണ്ഡലം. യുഡിഎഫിലെ അടൂര്‍ പ്രകാശും എല്‍ഡിഎഫിലെ വി. ജോയിയും തമ്മിലാണ് കടുത്ത പോരാട്ടം. ബിജെപിയുടെ വി. മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് വി. ജോയിക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പിന്നീടത് യുഡിഎഫിന് അനുകൂലമായി.
എന്നാല്‍ മിനിറ്റുകള്‍ കഴിയുമ്പോള്‍ ഇരുവരും കടുത്ത പോരാട്ടമാണ് നടത്തിവരുന്നത്. ഒടുവിലെ വിവരം അറിയുമ്പോള്‍ എല്‍ഡിഎഫിലെ വി. ജോയിയാണ് മുന്നില്‍. എന്നാല്‍ വോട്ടെണ്ണല്‍ നാലാം മണിക്കൂറിലേക്കു കടക്കുമ്പോള്‍ ഒരുഘട്ടത്തിലും ബിജെപിക്ക് മുന്നിലെത്താനായില്ല. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും മൂന്നു സീറ്റുരെ ലഭിക്കുമെന്നും അതിലൊന്ന് ആറ്റിങ്ങലായിരിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായില്ല.
തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് ആറ്റിങ്ങല്‍. സിപിഎം ജില്ലാ സെക്രട്ടറി കൂടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി. ജോയി. അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റു മണ്ഡലങ്ങളില്‍ നിന്നുപോലും പ്രമുഖ നേതാക്കളാണ് മണ്ഡലത്തില്‍ എത്തിയത്. അതേസമയം യുഡിഎഫിലെ അടൂര്‍ പ്രകാശ് തന്നെ ഇത്തണ മണ്ഡലത്തില്‍ വിജയം തുടരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിജയസാധ്യത ആര്‍ക്കാകുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയാണ്.