•വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ള രോഗികൾക്ക് സൗജന്യചികിത്സ
കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഉരുൾപ്പൊട്ടലുണ്ടായ ചൊവ്വാഴ്ച പുലർച്ചെ വാർത്തയറിഞ്ഞയുടൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും അടിയന്തരസാഹചര്യം നേരിടാൻ സജ്ജമായിരുന്നു.
അധികം വൈകാതെ പരിക്കേറ്റയാളുകളെയും കൊണ്ട് രക്ഷാപ്രവർത്തകർ വിംസിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിത്തുടങ്ങി. ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതിൽ 62 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 7 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ചാണ് മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും അധികനേഴ്സുമാരെ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറൻസിക് സർജന്മാരെയും ആസ്റ്റർ വിംസിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ദ്രുതഗതിയിൽ ലഭ്യമാക്കിയത് ഏറെ സഹായകരമായി. കേരളത്തിലെ വിവിധ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ചൊവ്വാഴ്ച രാവിലെ തന്നെ ദുരന്തബാധിത മേഖലയിലെത്തി. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം അടിയന്തര വൈദ്യസഹായത്തിനായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. പ്രദേശത്ത് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് സഹകരിക്കുന്നത്.
ഇതിനിടെ ചില ആസ്റ്റർ ജീവനക്കാരെ കാണാതായതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ വ്യക്തമാക്കി.
ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഈ വിഷമഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ ആസ്റ്റർ സംഘത്തിനും അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ദുരന്തബാധിതരായ ജനങ്ങളെ സഹായിക്കാൻ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പ്രത്യാശ പ്രകടിപ്പിച്ചു.
അടിയന്തരവൈദ്യസഹായത്തിന് വയനാട് ജില്ലയിലുള്ളവർക്ക് 8111881234 എന്ന നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.