സ്ത്രീ എന്ന നിലയിൽ അത് എന്നെ വിഷമിപ്പിച്ചു, അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി: ദിവ്യ എസ് അയ്യർ

ഒരു വ്യക്തിയുടെ നിഴലായി നിൽക്കേണ്ടവൾ ആണെന്ന പരോക്ഷമായിട്ടുള്ള ചിന്ത പ്രതിഫലിച്ചതായി തോന്നി. അതിൽ വിഷമം തോന്നിയെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു.

author-image
Anagha Rajeev
New Update
divya s iyer
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിമർശകർ എന്നെ ഐഎഎസ് ഉദ്യോഗസ്ഥയായിട്ടല്ല, പകരം ഭർത്താവിന്റെ നിഴലിൽ ഒതുങ്ങേണ്ട സ്ത്രീയായിട്ടാണ് കാണുന്നതെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ പറഞ്ഞു. ഐഎഎസ് കിട്ടുന്നതിനു മുമ്പും പിൻപും എന്റെ വ്യക്തിത്വത്തിന് ശോഷണം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീ ആയതു കൊണ്ട് പരിമിതിയുണ്ടോ എന്ന ചോദ്യത്തിലേതുപോലെ, ഐഎഎസുകാരിയായതുകൊണ്ട് പരിമിതിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് അഭിമാനപൂർവം ഉത്തരം പറയാൻ സാധിക്കണമെന്നാണ് വിചാരിച്ചിട്ടുള്ളത് ദിവ്യ എസ് അയ്യർ പറഞ്ഞു.

ഞാനായിട്ട് നിലകൊള്ളുന്ന സമയത്ത് ചില കാര്യങ്ങൾ ഒരുപറ്റം ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. സമൂഹമാധ്യമത്തിൽ എല്ലാ കാര്യങ്ങളെപ്പറ്റിയും ആളുകൾ ഇപ്പോൾ അഭിപ്രായം പറയുന്നുണ്ട്. ക്രൗഡ് പുള്ളിങ്ങ് എപ്പോഴും നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതിന് നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു, അത് കേട്ടപ്പോൾ വിഷമം തോന്നിയെന്ന് ദിവ്യ പറഞ്ഞു. അത് അത്രയ്ക്ക് വളച്ചൊടിക്കേണ്ടതുണ്ടോയെന്ന് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് പൂർണ ബോധ്യത്തിലും അനുഭവത്തിലും ഉള്ള കാര്യമാണ് പറഞ്ഞതെന്ന് ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ എംഡിയായിട്ടല്ല, മറിച്ച് മറ്റു പലതുമായി അവിടെ ആളുകൾ കാണുന്നു. സ്ത്രീ എന്ന നിലയിൽ അത് എന്നെ വിഷമിപ്പിച്ചു. ഒരു വ്യക്തിയുടെ നിഴലായി നിൽക്കേണ്ടവൾ ആണെന്ന പരോക്ഷമായിട്ടുള്ള ചിന്ത പ്രതിഫലിച്ചതായി തോന്നി. അതിൽ വിഷമം തോന്നിയെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു. എല്ലാവരും നമ്മൾ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കണം എന്ന് ഒരു കാലത്തും തോന്നിയിട്ടില്ല. ഞാൻ എന്ന വ്യക്തിയെ അല്ല, ഞാൻ ഉൾപ്പെടുന്ന സമൂഹത്തെ ടാർഗറ്റ് ചെയ്യുന്നത് കാണുമ്പോഴാണ് വിഷമം തോന്നുന്നതെന്ന് ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു.

നമ്മൾ ചെയ്യുന്നത് ഉത്തമബോധ്യത്തോടെയാണ് എന്ന് പൂർണ ബോധ്യമുണ്ടാകുക എന്നത് പ്രധാനമാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞ മൂന്നുകാര്യങ്ങളാണ് വിമർശനങ്ങളെ നേരിടാൻ കരുത്ത് നൽകുന്നത്. നന്മയുടെ കരുത്തിൽ വിശ്വസിക്കുക എന്നത് പ്രധാനമാണ്. സ്പർധയും ദുഃശ്ശങ്കയും ഇല്ലാതാക്കുക. ഉത്തമ ബോധ്യത്തോടെ, ഉത്കൃഷ്ട പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിയെ സഹായിക്കുക എന്നിവയാണത്. വിമർശനങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നും സംസാരിച്ചിരുന്നതായും ദിവ്യ എസ് അയ്യർ എസ് അയ്യർ പറഞ്ഞു. 

Divya S Iyer