തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വിയുടെ മെമ്മറി കാർഡ് കാണാതായതിൽ അന്വേഷമുണ്ടാകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.
സ്റ്റാന്റിലെ മറ്റു ബസുകളിലെല്ലാം മെമ്മറി കാർഡ് ഉണ്ട്.ഇതിൽ മാത്രം എന്തുകൊണ്ടില്ലാതായെന്ന് അന്വേഷണത്തിലൂടെ മാത്രമെ മനസിലാകൂവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.അതെസമയം മെമ്മറികാർഡ് സി.പി.എമ്മുകാർ എടുത്ത് മാറ്റിയെന്നാണ് ഡ്രൈവർ യദുവിന്റെ ആരോപണം.
യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് പൊലീസ് പരിശോധിച്ചപ്പോൾ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ കഴിയാത്തതിനാൽ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.ഇതോടെ സംഭവത്തിലെ നിർണായക തെളിവാണ് നഷ്ടമായത്.ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
ഇതിനിടെ, സംഭവസമയത്ത് തർക്കം മൊബൈലിൽ ചിത്രീകരിച്ചയാളോട് മേയർ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന രംഗം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ മേയർക്കെതിരായ തെളിവാകുമെന്നതിനാലാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ഇതേകാരണത്താലാണ് ബസിലെ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.