കേരള ആഭ്യന്തര സെക്രട്ടറി ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ്: ഡല്‍ഹി കോടതി

ആഭ്യന്തര സെക്രട്ടറിക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ആരോപിച്ചു. രാജ്യസഭാംഗവും സി.പി.എം. നേതാവുമായ ഡോ. വി. ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം

author-image
Prana
New Update
sd

കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദിവ്യ മല്‍ഹോത്ര. ആഭ്യന്തര സെക്രട്ടറിക്ക് ഈഗോയാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് ആരോപിച്ചു. രാജ്യസഭാംഗവും സി.പി.എം. നേതാവുമായ ഡോ. വി. ശിവദാസന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേന ബിശ്വനാഥ് സിന്‍ഹയ്ക്ക് നോട്ടീസ് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
ഒക്ടോബര്‍ മൂന്നാം വാരം ഇനി കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് കോടതി നിര്‍ദേശിച്ചു. അന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും റൗസ് അവന്യു കോടതി വ്യക്തമാക്കി.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ കേരള ഹൗസില്‍ വെച്ച് തടഞ്ഞതിന് വി. ശിവദാസന്‍ ഉള്‍പ്പടെയുള്ള എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത് ബിശ്വനാഥ് സിന്‍ഹയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ബിശ്വനാഥ് സിന്‍ഹ അക്കാലത്ത് ഡല്‍ഹി കേരള ഹൗസിലെ അഡീഷണല്‍ റസിഡന്റ് കമ്മിഷണര്‍ ആയിരുന്നു. കേസിലെ പ്രധാന സാക്ഷിയായ ബിശ്വനാഥ് സിന്‍ഹയോട് ശനിയാഴ്ച ഓണ്‍ലൈനായി ഹാജരായി മൊഴി നല്‍കാന്‍ റൗസ് അവന്യു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സിന്‍ഹ ഹാജരായില്ല.
ബിശ്വനാഥ് സിന്‍ഹ മൊഴി നല്‍കേണ്ടയിരുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി ഓണ്‍ലൈനിലൂടെ ആയിരുന്നു. കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ പ്രതികള്‍ എല്ലാം ഹാജരായിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദിവ്യ മല്‍ഹോത്ര ഉറപ്പ് വരുത്തി. തുടര്‍ന്ന് സാക്ഷിയായ ബിശ്വനാഥ് സിന്‍ഹയേ ഓണ്‍ലൈനായി കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ബിശ്വനാഥ് സിന്‍ഹ ഹാജരായിട്ടില്ലെന്ന് തിരുവനന്തപുരത്തെ കോടതി ജീവനക്കാര്‍ റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്നാണ്, കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ബിശ്വനാഥ് സിന്‍ഹ ഈഗോ കാരണമാണ് കോടതിയില്‍ ഹാജരാകാത്തതെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പറഞ്ഞത്.
കേസില്‍ മൊഴിനല്‍കാന്‍ നിരവധി അവസരം ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയിരുന്നുവെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ആഭ്യന്തര സെക്രട്ടറിയുടെ മുറിയില്‍ ഇരുന്ന് മൊഴി നല്‍കാന്‍ മുമ്പ് ബിശ്വനാഥ് സിന്‍ഹ ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയായ താന്‍ ഓണ്‍ലൈനായി മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോകാറില്ലെന്നായിരുന്നു സിന്‍ഹ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ചട്ടങ്ങള്‍ പ്രകാരം കോടതി മുറിയില്‍നിന്ന് അല്ലാതെ നല്‍കുന്ന മൊഴി രേഖപ്പെടുത്താന്‍ തനിക്കാകില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദിവ്യ മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് ഓണ്‍ലൈനായി മൊഴി നല്‍കാന്‍ ബിശ്വനാഥ് സിന്‍ഹയക്ക് കോടതി അനുമതി നല്‍കിയിരുന്നു.
ഈ രംഗങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ രാജ്യസഭാ അംഗം ഡോ. വി. ശിവദാസന്‍ കോടതി നടപടികളില്‍ ഓണ്‍ലൈനായി ഉണ്ടായിരുന്നു. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ദിലീപ് പൂളകോട് എന്നിവരാണ് ശിവദാസന് വേണ്ടി ഹാജരായത്.

 

kerala delhi court