കൽപറ്റ: വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമല,മുണ്ടക്കൈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്നിശമനസേനയുടെ തെരച്ചിൽ 7 മണിയോടെ ആരംഭിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. സൈന്യത്തിന് പിന്തുണ നൽകി സന്നദ്ധപ്രവർത്തകരും കൂടെയുണ്ട്.
151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയർ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേർ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.