കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുക്കില്ല. എഫ്‌ഐആറില്‍ നിന്ന് മനാഫിന്റെ പേര് ഒഴിവാക്കുമെന്ന് പൊലീസ് അറിയിച്ചു.
വീഡിയോകള്‍ക്ക് താഴെ സൈബര്‍ ആക്രമണം നേരിടുന്നു എന്നാണ് അര്‍ജുന്റെ കുടുംബം പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പോലീസ് അറിയിച്ചത്. എഫ് ഐആറില്‍ നിന്നും മനാഫിന്റെ പേര് നീക്കുമെന്നും പോലീസ് വ്യക്തമാക്കി.
സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സമൂഹമാധ്യമങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരണം നടത്തിയവര്‍ എന്നിവരെ പ്രതി ചേര്‍ത്തതാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ച് ശനിയാഴ്ച കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി പരാതി നല്‍കിയത്. കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗൗരവപരമായ ആരോപണള്‍ ഉന്നയിച്ച് അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്.