വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി വ്യാജ പ്രചാരണം; സൈബർ ആക്രമണവും, പരാതി നൽകി അർജുൻറെ കുടുംബം

വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

author-image
Greeshma Rakesh
New Update
cyber attack

arjuns family filed a complaint against cyber attack

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്:‌ കർണാടകയിലെ അംങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻറെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി വ്യാജ പ്രചാരണം നടത്തിയ രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കുടുബം ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ട് മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അമ്മ ഷീല പറഞ്ഞത്. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷ ഇല്ലാതായെന്നും കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കാണുന്നതിൽ നിന്ന് അർജുൻറെ കുടുംബം വിട്ടുനിന്നിരുന്നു.

അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. കര-നാവിക സേനകളും എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഗംഗാവലി നദിയിൽ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

അർജുനെ കണ്ടെത്താൻ ആറു ദിവസമായി തുടരുന്ന തിരച്ചിലിനിടയിലാണ് നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിൽ ലോറി കണ്ടെത്തിയത്. ഈ മാസം 16നുണ്ടായ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അകപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചത്.

ലോറിയുടെ രൂപത്തിൽ കണ്ട കോർഡിനേറ്റുകൾ അടയാളപ്പെടുത്തിയ ശേഷമാണ് സൈന്യം തിരച്ചിൽ നിർത്തിയത്. നദിയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയും ജില്ല പൊലീസ് മേധാവി നാരായണയും ആണ് സ്ഥിരീകരിച്ചത്. മണ്ണിടിഞ്ഞുവീണ കരയിൽ നിന്ന് 40 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് ലോറിയുള്ളത്.

 

 

cyber attack karnataka landslide Arjun rescue operations Arjun search