കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ കഴിയുമോ എന്നറിയില്ലെന്ന് കുടുംബം. കർണാടകയിലെ അങ്കോലയിൽ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി ഇന്ന് ഏഴാം ദിവസം തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ കോഴിക്കോട്ടെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം മെല്ലെ പോകുമന്നെതെന്ന് അറിയില്ലെന്ന് പറഞ്ഞ കുടുബം ആരെയും കുറ്റപ്പെടുത്താനില്ലെന്നും കൂട്ടിച്ചേർത്തു.
‘വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെങ്കിൽ കരയിലേത് പോലെ വെള്ളത്തിലും തിരച്ചിൽ നടത്തണം. അർജുനെ കണ്ടെത്താതെ ഷിരൂരിലുള്ള കുടുംബാംഗങ്ങൾ മടങ്ങി വരില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ല.ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനത്തിലെ വേഗതയിലും വിശ്വാസമില്ല. എന്തുകൊണ്ടാണ് മെല്ലെപ്പോക്ക് എന്നറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങളുടെ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സർവ സന്നാഹവും അവിടെ എത്തിയത്. വിശ്വാസമൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്..’ -അർജുൻറെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേയ്ക്ക് കടന്നിട്ടും ഇതുവരെ ലോറിയോ മറ്റൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല.തിരച്ചിൽ കരയിൽ നടക്കുന്നതിനൊപ്പം പുഴയിലും ആരംഭിച്ചു. കരസേനയുടെയും നാവികസേനയുടെയും വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള പരിശോധനയാണ് നടത്തുന്നത്. പുഴയുടെ നടുവിൽ കുന്ന് പോലെ വലിയ മൺതിട്ട വീണ് കിടക്കുകയാണ്.മണ്ണിടിച്ചിലിൽ പെട്ടവരെ കണ്ടെത്തുന്നത് വരെ രക്ഷാപ്രവർത്തനം തുടരണമെന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദേശമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.