ബെംഗളൂരു: മണ്ണിടിച്ചിലിൽ ഗംഗാവലി നദിയിൽ പുതഞ്ഞ കോഴിക്കോട് സ്വദേശി അർജുൻറെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ഐബോഡ് പരിശോധന ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം പുരോഗമിക്കുന്നത്. പുഴയ്ക്കടിയിലെ ട്രക്കിൻറെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയിൽ വ്യക്തമാകുമെന്നാണ് വിവരം. എന്നാൽ, മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഡ്രോൺ പരിശോധനയിൽ കഴിഞ്ഞേക്കില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളുമെന്ന് അധികൃതർ വ്യക്തമാക്കി.
അർജുൻറെ ട്രക്ക് കണ്ടെത്താൻ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിലേയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവർമാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്.ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്.
നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. അതേസമയം, ട്രക്കിൻറെ കൃത്യമായ പൊസിഷൻ നിർണയിക്കാൻ വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. ഡ്രോൺ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാൻ രണ്ട് മണിക്കൂറോളം വേണ്ടി വരും. എന്നാൽ ട്രക്കിൽ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ഇനി എന്ത് എന്നതിൽ തീരുമാനമെടുക്കാൻ ദൗത്യസംഘം യോഗം ചേരുകയാണ്.
നാവികസേനയുടെ 15 മുങ്ങൽ വിദഗ്ധർമാരാണ് ഷിരൂരിൽ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടിൽ തെരച്ചിലിനിറങ്ങിയിരുന്നു. പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാൾ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധർക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. അതേസമയം, നദിക്കരയിൽ രണ്ട് ബൂം എക്സകവേറ്ററുകൾ ഉപയോഗിച്ച് മണ്ണ് നീക്കം ഇപ്പോഴും പുരോഗമിക്കുകയാണ്. അടിയൊഴുക്ക് മറികടക്കാൻ താത്കാലിക തടയണ നിർമ്മിക്കാനുള്ള സാധ്യതയും ദൗത്യസംഘം സജീവമായി പരിഗണിക്കുന്നുണ്ട്.