ഷിരൂരില്‍ മണ്ണ് ഇടിച്ചില്‍ കാണാതായ അര്‍ജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിലും വിഫലം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും നദിയിലെ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിലും ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കൂടുതല്‍ സംവിധാനങ്ങളോടെ ശനിയാഴ്ച രാവിലെ തിരച്ചില്‍ തുടരും.
അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.റഡാര്‍ ,സോണാല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.അതേസമയം രക്ഷാദൗത്യവുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന റിപ്പോര്‍ട്ട് ദൗത്യസംഘം ഉടന്‍ കലക്ടര്‍ക്ക് കൈമാറും.
ദുരന്ത സ്ഥലത്തേക്ക് പ്രവേശിക്കാന്‍ മൂന്ന് പേര്‍ക്ക് പാസ് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി റിയാസ് വ്യക്തമാക്കി. കുടുംബാംഗങ്ങള്‍ക്കാണ് അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിന്റെ മാനസ്സികാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.
കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഡൈവേഴ്‌സിന് പരിശോധന നടത്താനാകാത്ത സ്ഥിതിയാണ്. ഗംഗാവലിപ്പുഴയില്‍ ശക്തമായ അടിയൊഴുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. പുഴയില്‍ 6.8 നോട്ട്‌സിന് മുകളിലാണ് ഒഴുക്ക്. മുങ്ങല്‍ വിദഗ്തര്‍ക്ക് ഇറങ്ങാനായി പോന്‍ടൂണ്‍ കൊണ്ടുവരും.വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഫൈബര്‍ പ്രതലമാണ് പോന്‍ടൂണ്‍. കനത്തമഴ തുടരുമെന്ന പ്രവചനം രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയേക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.