‘അർജുന് എന്റെ മേൽ വിശ്വാസമുണ്ടായിരുന്നു. എന്തുപറ്റിയാലും ഞാൻ കൂടെയുണ്ടെന്ന്. അവനെ വീട്ടിലെത്തിക്കണം. അച്ഛന് നൽകിയ വാക്ക് പാലിക്കുകയാണ്.” ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വിതുമ്പലോടെ ലോറി ഉടമ മനാഫ് പറഞ്ഞ വാക്കുകളാണിത്.
കാണാതായി 72ാം ദിവസമാണ് അർജുന്റെ ലോറിയുടെ ക്യാബിനും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തുന്നത്. ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിൻ കണ്ടെത്തിയത്. ഗുജറാത്തിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
തുടർന്ന് ഇവർ ക്രെയിനിന്റെ ഹുക്ക് ലോറിയുടെ ഭാഗങ്ങളിൽ സ്ഥാപിച്ച് പുഴയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തി. എന്നാൽ വേലിയേറ്റ സമയമായതിനാൽ ക്രെയിൻ ഉയർത്താൻ സാധിച്ചില്ല. തുടർന്ന് പുഴയിലെ ഒഴുക്കിന് ശമനം ഉണ്ടായതോടെ ലോറിയുടെ ഭാഗം ഉയർത്തുകയായിരുന്നു. പിന്നാലെ മനാഫ് കാണാതായ ലോറിയാണെന്ന് സ്ഥിരീകരിച്ചു.
നേരത്തെ അർജുൻ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ച കുടുംബം അർജുന്റെ അന്ത്യ കർമ്മങ്ങൾക്ക് വേണ്ടിയുള്ള മൃതദേഹ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗംഗാവലിപ്പുഴയുടെ തീരം അർജുന് ഏറെ പ്രിയപ്പെട്ട ഇടം ആയിരുന്നെന്നും ഇതുവഴി പോകുമ്പോൾ ചിത്രങ്ങളെടുത്ത് അയയ്ക്കുന്നത് പതിവായിരുന്നെന്നും കുടുംബം പ്രതികരിച്ചിരുന്നു.
ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചിൽ നടന്നുകൊണ്ടിരുന്നത്. ഇതിനിടയിൽ പ്രകൃതി പലപ്പോഴും തിരച്ചിലിന് പ്രതിസന്ധി ഉയർത്തിയിരുന്നു. കനത്ത മഴയും തുടർന്നുള്ള ശക്തമായ ഒഴുക്കും അർജുനെ കണ്ടെത്താൻ വൈകിയതിന് കാരണമായി.
അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലർട്ടായിരുന്നു. എന്നാൽ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തെ പുഴയിൽ വീണ ടാങ്കറിന്റെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്റെ പോയന്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പരിശോധന.
എന്നാൽ ഇന്ദ്രബാലന്റെ ഡ്രോൺ പരിശോധനയിൽ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയന്റിൽ നിന്നും ഒന്നും കണ്ടെത്താനായിരുന്നില്ല. ബോട്ടിലേക്ക് മാറ്റിയ അർജുന്റെ മൃതദേഹം ഫോറൻസിക്-ഡിഎൻഎ പരിശോധനകൾക്ക് വിധേയമാക്കി സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. തുടർന്നായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക.