പാലക്കാട്ട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍; രാഹുലിന് പിന്തുണ

കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

author-image
Prana
New Update
pv anwar mla ldf

പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പിവി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
'ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോല്‍ക്കണം എന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു', അന്‍വര്‍ പറഞ്ഞു.
ഘടകക്ഷികള്‍ സംസാരിച്ചിട്ടും കോണ്‍ഗ്രസ് രാഹുലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തയ്യാറായില്ല. അഹങ്കാരമാണിത്. ഈ ധിക്കാരത്തിനുള്ള സമയമല്ല ഇത്. താന്‍ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന്. ഒരു വിട്ടുവീഴ്ച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. 
ലീഗിന്റെ കൊടി ഉപയോഗിക്കരുതെന്നാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അഭിമാന ക്ഷതം ഉണ്ടാവുമെന്ന് അറിഞ്ഞിട്ട് പോലും അത് ലീഗ് അനുസരിച്ചു. എന്നാല്‍ വര്‍ഗീയ വാദികള്‍ക്ക് തിരിച്ചടി നല്‍കാന്‍ ലീഗ് നിലപാടെടുത്തു. ത്യാഗം സഹിച്ചുവെന്നും അന്‍വര്‍ ചൂണ്ടികാട്ടി.

rahul mankoottathil pv anwar mla Palakkad by-election