അൻവറിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കണം; എംഎം ഹസ്സൻ

എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

author-image
Anagha Rajeev
New Update
mm hassan pv anwar
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവന്തപുരം: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് യുഡിഎഫ് ചെയർമാൻ എം എം ഹസ്സൻ. എഡിജിപിയ്ക്ക് മുഖ്യമന്ത്രി കവചം ഒരുക്കി. വാദി ഇപ്പോൾ പ്രതിയായിരിക്കുന്നുവെന്ന് എംഎം ഹസ്സൻ പറഞ്ഞു. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സ്വർണകള്ളക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും വക്താവാണ് അൻവറെന്ന് മുഖ്യമന്ത്രി പരോക്ഷമായി പറഞ്ഞെന്നും എംഎം ഹസ്സൻ പറ‍ഞ്ഞു.

തൃശ്ശൂർ പൂര വിവാദത്തിൽ വിശദമായ അന്വേഷണം വേണം. അൻവറിനെ പാർലമെൻ്ററി പാർട്ടിയിൽ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി അതിനുള്ള ആർജ്ജവം കാണിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പൂരം കലക്കിയതിൽ എഡിജിപി രക്ഷപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് ഈ അന്വേഷണത്തിൽ വിശ്വാസമില്ല. പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെങ്കിൽ എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനെന്നും എംഎം ഹസ്സൻ ചോദിച്ചു.

യുഡിഎഫിൽ അൻവറിന് ഇടമില്ല. അൻവർ കോൺഗ്രസിനെ വിമർശിച്ച നേതാവാണ്. തങ്ങൾക്ക് അൻവറിനെ ആവശ്യമില്ലയെന്നും എംഎം ഹസ്സൻ പറഞ്ഞു. അൻവറിനെ ലീഗിലും സ്വാഗതം ചെയ്യില്ലയെന്നും എംഎം ഹസ്സൻ പരിഹസിച്ചു. പി വി അൻവർ എംഎൽഎയെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണത്തോട് മുസ്ലിം ലീഗ് പ്രതികരിച്ചിരുന്നു. മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു. അതിന് ശേഷമാണ് എംഎം ഹസ്സന്റെ പരാമർശം. തൃശ്ശൂർ പൂരം കലക്കിയ വിഷയത്തിൽ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം കൂടുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. ഡിജിപിക്ക് എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നത്. ബോധപൂർവമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കമ്മീഷണർക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീർണമാക്കിയെന്നും റിപ്പോർട്ട്. 1,300 പേജുള്ള റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.

റിപ്പോർട്ട് വന്നതിന് പിന്നാലെ പി വി അൻവറിന്റെ നിരന്തര ആരോപണങ്ങളിൽ വിയോജിപ്പ് അറിയിച്ച് സിപിഐഎം രം​ഗത്ത് എത്തിയിരുന്നു. അൻവർ നിരന്തരം മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കുന്നതിനോട് യോജിക്കാനാകില്ല. അൻവറിന്റെ നിലപാട് പാർട്ടി ശത്രുക്കൾക്ക് ആക്രമിക്കാനുള്ള ആയുധമായി മാറുന്നു. ഇത്തരം നിലപാടുകൾ തിരുത്തണം. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

MM Hassan PV Anwar